ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വരുത്തിയ വന്‍ വര്‍ധനവിന് പിന്നാലെ ഇന്ധനവിലയും കുതിച്ചുയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ച നടപടി വിപണിയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതകത്തിന് കൂടി ഇത്രയും ഭീമമായ തുക വര്‍ധിച്ചത് ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
അതേസമയം രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധനവാണ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. വില വര്‍ധനവ് നടപ്പിലാക്കിയാല്‍ കേരളത്തിലെ പെട്രോള്‍ വില 110 രൂപയ്ക്ക് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിലും 40 മുതല്‍ 60 രൂപ വരെ മാറ്റം വരുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവിന്റെ ഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ധന വില വര്‍ധിപ്പിക്കുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടും. യാത്രാ-ചരക്ക് നീക്ക മേഖലകളും സ്തംഭനാവസ്ഥയിലാകും. കേന്ദ്ര സര്‍ക്കാരിന്റെ നികുതി നയങ്ങളും എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന അമിത സ്വാതന്ത്യവുമാണ് ഇന്ധനവില നിയന്ത്രണാതീതമാകാന്‍ കാരണം. ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലും വില കുറയ്ക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇന്ധനവില വര്‍ധനവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഉടനെ വര്‍ധനവുണ്ടാവുമെന്നാണ് വിലയിരുത്തല്‍. എണ്ണക്കമ്പനികള്‍ സര്‍ക്കാരിന് മേല്‍ വലിയ രീതിയിലുള്ള സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇനിയും വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെയും ഇന്‍ഡസ്ട്രിയല്‍ ഡീസലിന്റെയും വിലയില്‍ വലിയ വര്‍ധനവ് വരുത്തിയത്.അന്തിമ തീരുമാനം അടുത്ത അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിലപാടുകളും ഈ വില വര്‍ധനവില്‍ നിര്‍ണായകമാകും.
അതിനിടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും ഇത് സ്വാഭാവികമായ നടപടിയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.