kerala

പി.ജി മനു ജീവനൊടുക്കിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

By nazmiya nazreen

April 16, 2025

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 13 നായിരുന്നു ഗവ. മുന്‍ പ്ലീഡര്‍ പി.ജി മനു കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതിയെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.