ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ഫോണ്‍ സംഭാഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം. ഇത്തരമൊരു ഭീതി നിലനില്‍ക്കുന്നതായും നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്ത ഡല്‍ഹി ഹൈക്കോടതി സുവര്‍ണ ജൂബിലി ആഘോഷങ്ങളിലായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. സംഭാഷണം ചോരുന്നതു കൊണ്ട് ഫോണില്‍ സംസാരിക്കേണ്ട എന്നു പറയുന്നത് ജഡ്ജിമാരില്‍ നിന്ന് കേട്ടിട്ടുണ്ട്. ഫോണുകള്‍ ചോര്‍ത്തുന്നില്ല എന്ന് താന്‍ അവരോട് പറഞ്ഞപ്പോള്‍ എല്ലാ സംഭാഷണങ്ങളും ചോര്‍ത്തുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി- കെജ്‌രിവാള്‍ പറഞ്ഞു. ഇത് തെറ്റാണെന്നോ ശരിയാണെന്നോ തനിക്കറിയില്ല. എന്നാല്‍ വ്യാപകമായി അത്തരമൊരു ഭീതിയുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെജ്്‌രിവാളിന്റെ ആരോപണങ്ങള്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍പ്രസാദ് തള്ളി. നീതി ന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം മൗലികമാണെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.