പത്തനംത്തിട്ട: അശ്ലീലചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചയാളെ സിനിമാസ്റ്റൈലില്‍ പിന്തുടര്‍ന്ന് ഇരയായ സ്ത്രീ പിടികൂടി. ഏറ്റുമാനൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ നീക്കത്തില്‍ തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനാണ് കുടുങ്ങിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. തന്റെയും മകളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് സിനിമസ്‌റ്റൈലില്‍ നീക്കം നടത്താന്‍ യുവതി തീരുമാനിച്ചത്. വിദേശത്തായിരുന്ന ഷൈജു നാട്ടിലെത്തിയപ്പോളാണ് യുവതി ഇയാളെ പിന്തുടര്‍ന്നത്. ഷൈജുവും മുംബൈയില്‍ നിന്നുള്ള സുഹൃത്തും സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് യാത്രാമധ്യേ സ്വന്തം കാര്‍ കൊണ്ട് തടഞ്ഞിട്ട് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

മുംബൈയില്‍ വിമാനമിറങ്ങിയ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം കോട്ടയം ഗസ്റ്റ് ഹൗസില്‍ എത്തിയതായി വിവരം ലഭിച്ച യുവതി ഇയാളെ തേടി കോട്ടയത്തെത്തി. എന്നാല്‍ പ്രതികള്‍ ഈ സമയത്ത് പത്തനംത്തിട്ടയിലേക്ക് പോയിരുന്നു. തുടര്‍ന്ന് പത്തനംത്തിട്ടയിലെത്തിയ യുവതി റിംഗ് റോഡില്‍ ഷൈജുവിന്റെ കാര്‍ കാണുകയും തന്റെ കാര്‍ കുറുകെയിട്ട് കാര്‍ തടഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. യുവാവിനെതിരെ സമാനരീതിയില്‍ പരാതിയുമായി കോഴഞ്ചേരി സ്വദേശിനി നേരെത്ത രംഗത്തുവന്നിരുന്നു. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു.