india

തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഇടങ്ങളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

By webdesk13

March 17, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ പൊതു ഇടങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് ലഭിച്ചു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിശ്വംഭര്‍ ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചത്.

സ്വതന്ത്രവും നീതിയുക്തവുമായ പ്രചാരണം ഉറപ്പാക്കാന്‍ എല്ലാ പൊതുസ്ഥലങ്ങളിലും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, വിമാനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, മെട്രോകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ താരപ്രചാരകനാണ് പ്രധാനമന്ത്രി. അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിര്‍ബന്ധമായും നീക്കം ചെയ്യണമെന്ന് പരാതിക്കാരന്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ പൊതു ഇടങ്ങളില്‍ സ്ഥാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു