ബെംഗളൂരു: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പ്രാവുകളുടെ കാഷ്ഠവും തൂവലുകളും മനുഷ്യരില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ (ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി) ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ശല്യമോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നത് പൂര്‍ണമായും നിരോധിക്കണമെന്നാണ് നിര്‍ദേശം. നഗരങ്ങളില്‍ പ്രാവുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി