തിരുവനന്തപുരം: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് കോളേജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. വാര്‍ക്കക്കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ വടിവാളോ ബോബോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിടി തോമസ് എം.എല്‍.എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കറുള്‍പ്പെടെ ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് പ്രാധാന്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സംസാരിച്ച മുഖ്യമന്ത്രിയാണ് സംഭവത്തെ ന്യായീകരിച്ചത്. കോളേജില്‍ നിന്നും മാരാകായുധങ്ങള്‍ കണ്ടെത്തിയിട്ടില്ല. വടിവാളോ ബോംബോ ഉണ്ടായിട്ടുമില്ല. വാര്‍ക്കക്കമ്പി, വെട്ടുകത്തി എന്നിവയാണ് കണ്ടെടുത്തത്. ഇതാരാണ് കൊണ്ടുവച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തിവരികയാണ്. വളരെ പ്രശസ്തമായ ഒരു കോളേജിനെ ഇത്തരത്തില്‍ മോശമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. പൂട്ടിയിട്ടിരിക്കുകയായിരുന്ന മുറിയിലാണ് ആയുധങ്ങള്‍ ഉണ്ടായിരുന്നത്. പ്രിന്‍സിപ്പാല്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഭവം അറിഞ്ഞെത്തിയ എസ്.എഫ്.ഐ നേതാക്കള്‍ പ്രിന്‍സിപ്പാളിനോട് തട്ടിക്കയറിയിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികളെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.