തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിന് വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശാപ്പ് വിലക്ക് ഭരണഘടനാതത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്രസര്‍ക്കാരിന് ഇത്തരത്തിലുള്ളൊരു ചട്ടം പുറപ്പെടുവിക്കുന്നതിന് അധികാരമുണ്ടോയെന്ന് പരിശോധിക്കണം. 1960-ലെ കന്നുകാലി സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ ഒതുങ്ങി നിന്ന് ചട്ടങ്ങള്‍ പാലിക്കുന്നതാകണം. സംസ്ഥാനങ്ങളോടുള്ള ഫെഡറല്‍ സംവിധാനത്തിന്റെ വിലക്കാണ് കശാപ്പ് നിരോധനം. പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനമാണിത്. ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് പാര്‍ലെന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കശാപ്പ് വിലക്ക് ചര്‍ച്ചചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കുന്നതിനും നാളെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും. ഇതിനെതിരെ ഹൈക്കോടതിയെയാണോ, അതോ സുപ്രീംകോടതിയെയാണോ സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് നിയമ വിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തും. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിമാരുടെ സമയത്തിനനുസരിച്ചായിരിക്കും യോഗത്തെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.