കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുന്ന നയമാണ് പിണറായി സർക്കാർ പിന്തുടരുന്നതെന്നും ലക്ഷക്കണക്കിന് ആളുകളുടെ ആനുകൂല്യങ്ങൾ നിഷേധിച്ച് സർക്കാർ തന്നെ കുടിശ്ശിക സർക്കാറായി മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തിനകം ജീവനക്കാരെയും പെൻഷൻകാരെയും മിത്രങ്ങളാക്കുന്ന സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം കൂട്ടിയെങ്കിലും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പദ്ധതി പേരിന് മാത്രമായി മാറിയെന്നും, ജീവനക്കാരോടുള്ള സർക്കാർ സമീപനം പലപ്പോഴും പ്രതികാര നടപടികളാണെന്നും വേണുഗോപാൽ വിമർശിച്ചു.
എട്ട് മാസം ആശാ വർക്കർമാർ സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയാണെന്നും, കോൺഗ്രസ് കൊണ്ടുവന്ന ദാരിദ്ര്യ നിർമാർജന പദ്ധതിയായിരുന്നു തൊഴിലുറപ്പെന്നുമാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.