കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. നിയമസഭ വജ്രജൂബിലി ആഘോഷം മേഖല തല സമാപനവും നിയമസഭാ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ആപത്കരമായ സൂചനയാണ്. ഇതില്‍ നമ്മുടെ നാട്ടിലെ ചിലരും പങ്കാളികളായിട്ടുണ്ട്. ഇത് നമ്മുടെ നാടിനെ ഊഹിക്കാന്‍ കഴിയാത്ത അപകടാവസ്ഥയിലെത്തിക്കും. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും എന്നാല്‍ മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കം ഗൗരവമുള്ളതാണ്.
ഇന്ത്യന്‍ ഭരണസംവിധാനം സുഗമമായി നടത്തപ്പെടാന്‍ ഉതകുന്ന വിധത്തില്‍ നമ്മുടെ ഭരണഘടനയില്‍ തന്നെ അതിന്റെ മൂന്നു ശാഖകളെയും ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ട ‘ചെക്ക്‌സ് ആന്റ് ബാലന്‍സസ്’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , അവയെ അവഗണിച്ചുകൊണ്ട് ഒരു ശാഖ മറ്റൊന്നിന്റെ അധികാര പരിധിയില്‍ കൈക്കടത്തുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ജഡ്ജിമാരുടെ നിയമനത്തിലും ജുഡീഷ്യറിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിലും മറ്റും എക്‌സിക്യുട്ടീവ് ഇടപെടുന്നു എന്നുമുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്. എക്‌സിക്യൂട്ടീവിന് ജനങ്ങളോടുള്ള അക്കൗണ്ടബിലിറ്റി നിറവേറ്റുന്നത് നിയമസഭയിലൂടെയാണ്.
ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും വെല്ലുവിളിക്കപ്പെടുന്ന ഇന്നാളുകളല്‍ ഭരണഘടനയെയും, ഭരണഘടനാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താന്‍ വേണ്ട ഇടപെടലുകളാണുണ്ടാവേണ്ടത്. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന ഏ പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളോട് നീതി പുലര്‍ത്താന്‍ നമുക്കാവൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഡോ.എം. കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.