കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ 24 മണിക്കൂര്‍ ഉപവാസസമരം അവസാനിപ്പിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നാരങ്ങ് നീര് നല്‍കിയാണ് ചെന്നിത്തലയുടെ ഉപവാസ സമരം അവസാനിപ്പിച്ചത്.

ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം പൊലീസ് സേനക്കു മാത്രമല്ല വിവേകമതികള്‍ എന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്കാകെ കളങ്കമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പൊലീസ് പ്രതിസ്ഥാനത്ത് ഉള്ള കേസ് പൊലീസ് തന്നെ അന്വേഷിക്കുകയും കൂടി ചെയ്യുന്നതോടെ കേസന്വേഷണം എത്രമാത്രം ആത്മാര്‍ത്ഥയോടെ ആകുമെന്ന് പല കോണുകളില്‍ നിന്നും സംശയം ഉയരുന്നുണ്ട്. ഒരു നിരപരാധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലികൊല്ലുന്നത് കേരളത്തിന് അപമാനകരമാണ്. ഇത്ര ക്രൂരമായ ഒരു കൊലപാതകം തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയിട്ടും ആ കുടുംബത്തെ ഒന്ന് സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാത്ത ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന്റെ പ്രതിഷേധം ്ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.