kerala

നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് പി കെ കുഞ്ഞാലിക്കുട്ടി

By sreenitha

January 28, 2026

എസ്.ഐ.ആറിൽ ഫോം 7 ഉപയോഗിച്ച് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ജനിച്ച പ്രവാസികൾക്ക് ഫോം 6 എ സമർപ്പിക്കുമ്പോൾ ജനന സ്ഥലം ചേർക്കാനുള്ള ഓപ്ഷൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വെബ്‌സൈറ്റിൽ ലഭ്യമായിട്ടില്ല.

ലക്ഷക്കണക്കിന് പ്രവാസികളെ ഈ വിഷയം ബാധിക്കും. ലോജിക്കൽ ഡിസ്‌ക്രീപൻസി കാരണം ചെറിയ കാരണങ്ങൾ കൊണ്ട് പലർക്കും രേഖകൾ സമർപ്പിക്കേണ്ടി വന്നിട്ടുണ്ട്. 18 ലക്ഷം പേർക്ക് ബി.എൽ.ഒ ആപ്പിൽ ഹിയറിംഗ് നോട്ടീസ് ജനറേറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഹിയറിങിന് ഹാജരാകേണ്ട സാഹചര്യം ഇല്ലാതെ തന്നെ ബി.എൽ.ഒ തലത്തിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കണം. എസ്.ഐ.ആർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം 6,7,8 എന്നിവ പ്രകാരം വോട്ട് ചേർക്കുന്നവരുടെയും നീക്കം ചെയ്യുന്നവരുടെയും പേര് വിവരം ബൂത്ത് അടിസ്ഥാനത്തിൽ വെബ്‌സൈറ്റിൽ ലഭ്യമാക്കണം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന അതാത് ബൂത്തിലെ ബി.എൽ.ഒമാരുമായി ചർച്ച നടത്തി അംഗീകാരം വാങ്ങിയ ശേഷം മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.