Culture

ആധാര്‍: കോടതിവിധി സ്വാഗതാര്‍ഹം; മദ്യോല്‍പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍; പി.കെ കുഞ്ഞാലിക്കുട്ടി

By chandrika

September 26, 2018

മലപ്പുറം: ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി. ആധാര്‍ ജനങ്ങള്‍ക്ക് ഒരു ശിക്ഷ ആവില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഏകാധിപത്യ പ്രവണതയോടു കൂടി നടപ്പിലാക്കിയ ആധാറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതിവിധി കേന്ദ്ര സര്‍ക്കാറിനുള്ള തിരിച്ചടിയാണെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മദ്യം എല്ലാനിലയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ വമ്പിച്ച അഴിമതി നടക്കാനുള്ള സാധ്യത വളരെ വലുതാണ്. കാലങ്ങളായി മാറിമാറി വന്ന സര്‍ക്കാറുകളൊന്നും ഇത്തരത്തില്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഒരു പോളിസിയുമില്ലാതെ സര്‍ക്കാര്‍ മദ്യം വ്യാപകമാക്കുകയാണ്. ടെണ്ടര്‍ ക്ഷണിക്കാതെ പ്രത്യക്ഷ്യത്തില്‍ ഒരു നടപടിയും പാലിക്കാതെ തിടുക്കപ്പെട്ടിട്ടുള്ള തീരുമാനം അത്ഭുതകരമായിരിക്കുന്നു. ഈ സമയത്ത് ഇത്തരമൊരു കാര്യം നടന്നത് ഒട്ടും ശരിയായില്ല. അഴിമതിയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. ഒരു സുതാര്യതയും ഉറപ്പുവരുത്താതെയാണ് ബീയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. റാഫാല്‍ അഴിമതി പോലെ തന്നെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് ഇതും.

കേരളം ഭരണത്തില്‍ അമ്പേ പരാജയമാണ്. എല്ലാകാര്യത്തിലും വട്ടപൂജ്യം. പ്രളയ ദുരിതാശ്വാസ ഫണ്ട് പോലും കൃത്യമായി അര്‍ഹര്‍ക്ക് നല്‍കുന്നില്ല. വാങ്ങല്‍ മ്രോത നടക്കുന്നൊള്ളു. ഇനി ശക്തമായ പ്രക്ഷോഭങ്ങളുടെ നാളുകളാണ്. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ ഭാരവാഹികളുമായി ആവേശകരമായൊരു തുടക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചു. കേരളത്തിലെ പ്രളയത്തിന് ആഘാതം കൂട്ടിയത് ഡാമുകളുടെ തുറന്നുവിട്ടതില്‍ വന്ന അപാകതകള്‍ തന്നെയാണ്. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന കാര്യത്തിലും സര്‍ക്കാര്‍ പരാജയമായി. അസംതൃപ്തരായ ജനങ്ങളുടെ പ്രതികരണം ശക്തമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പണക്കാരേയോ താരപ്രഭയുള്ളവരേയോ മത്സരിപ്പിക്കുന്നത് എതിരാളികളുടെ സ്ഥിരം കാഴ്ച്ചയാണെന്നും അതിനെ നേരിടാനുള്ള ശക്തി യു.ഡി.എഫിന് ഉണ്ടെന്നും മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന തിനോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു. ദേശീയ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എം.പി പങ്കെടുത്തു.