മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേര്‍ന്നു. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഈദുല്‍ ഫിത്്വര്‍ നല്‍കുന്നത്. റമസാനില്‍ നേടിയെടുത്ത ആത്മനിയന്ത്രണവും ജീവിത വിശുദ്ധിയും തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണം. ദലിതരും ന്യൂനപക്ഷങ്ങളുമടങ്ങുന്ന പിന്നാക്കവിഭാഗം കടുത്ത വിവേചനവും അവഗണനയും നേരിടുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ പെരുന്നാള്‍ വരുന്നത്. ബീഫ് കഴിച്ചെന്നാരോപിച്ച് ജുനൈദ് ഖാനെന്ന 16കാരനെ തല്ലിക്കൊന്ന വേദനിപ്പിക്കുന്ന സംഭവം നടന്നത് ഇന്നലെയാണ്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നവരാണ് ഈ അക്രമങ്ങള്‍ക്ക് പിന്നില്‍. മതങ്ങള്‍ക്കും ജാതിക്കുമപ്പുറം മനുഷ്യന്റെ ഐക്യത്തിലൂടെയും പങ്കുവക്കലുകളിലൂടെയും ഭിന്നിപ്പിന്റെ ശക്തികള്‍ക്ക് മറുപടി നല്‍കാന്‍ കൂടി ഈ പെരുന്നാളിന് കഴിയണം.

മനുഷ്യരുടെ ഐക്യവും സ്‌നേഹവുമാണ് എല്ലാ ആഘോഷങ്ങളും വിഭാവന ചെയ്യുന്നത്. ലോകമെങ്ങും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരാന്‍ ഈദ് കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.