Culture

കശ്മീര്‍ വിഭജനം; ലോകസഭയില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി.

By chandrika

August 06, 2019

ജമ്മു കശ്മീര്‍ വിഭജന ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ ചരിത്രം മറന്നുകൊണ്ടുള്ള അത്യധികം അപകടകരമായ കളിയാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം നടത്തുന്നത്. മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കരുത്. ഭരണത്തിലെത്തിയാല്‍ എന്തും ചെയ്യാനുള്ള അധികാരമായി ധരിക്കരുത്. പിഡിപി യുമായി ബി ജെ പി ക്കു രാഷ്ട്രീയ സഖ്യമാവാം .അവരുമായി കൂടിയാലോചന പാടില്ലെന്ന സമീപനം വിചിത്രമാണ് . കശ്മീരില്‍ നിന്നുള്ള അംഗങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും കേന്ദ്രം സഹിഷ്ണുത കാണിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ പറഞ്ഞു.

കാശ്മീരിലെ ജനതയെയും , രാഷ്ട്രീയ നേതൃത്വത്തെയും അവിശ്വാസത്തിലെടുത്തു എന്ത് നേട്ടമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് . ജന ക്ഷേമ തല്പരമായ ഒരു നടപടികളുമില്ല , മറിച്ചു വിവാദപരമായ നിയമ നിര്‍മ്മാണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു . രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത് . ഇവിടെ മൗനമല്ല ആയുധം . ശക്തമായ ജനകീയ പ്രക്ഷോപങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

കേന്ദ്രം യുദ്ധസമാന സാഹചര്യമുണ്ടാക്കി. രണ്ടാമതും അധികാരത്തിലെത്തിയത് എന്തും ചെയ്യാനുള്ള അധികാരമാണെന്ന് ധരിക്കരുത്. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് ഭീകരരെ സഹായിക്കലാണ്. ഇന്ന് ആഘോഷിക്കുന്ന ഈ നീക്കത്തിന്റെ പേരില്‍ ഒരു കാലത്ത് ദുഃഖിക്കേണ്ടി വരും. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത പണിയാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.