kerala

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടി: പി.കെ നവാസ്

By webdesk17

December 14, 2025

കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടെതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖം മലപ്പുറത്തെ ജനങ്ങള്‍ മറന്നിട്ടില്ലെന്നും നവാസ് പറഞ്ഞു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയന്റെ പോലീസ് വ്യാപകമായി കേസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്. വ്യാജ കേസുകള്‍ മലപ്പുറത്തുകാരുടെ പേരില്‍ എഴുതി നല്‍കിയ വിജയന്റെ പോലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞ മുതിര്‍ന്ന സഖാവിന്റെ പാര്‍ട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്. ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാര്‍ മറന്നിട്ടില്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ റിസള്‍ട്ട്. വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമര്‍ശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്. വര്‍ഗീയ നാക്കുകളെ ഫ്രന്റ് സീറ്റില്‍ ഇരുത്തി പായുന്ന സി.പി.എമ്മിനുമെതിരെയാണ് ഈ വിധി. പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാല്‍ മലപ്പുറത്തെ കുറിച്ച് വര്‍ഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം. 15 ല്‍ 15 ബ്ലോക്ക് പഞ്ചായത്തും 12 ല്‍ 11 മുന്‍സിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യു.ഡി.എഫ് നേടിയത്. 94ല്‍ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മള്‍ നേടി. മലപ്പുറത്തെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാന്‍ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും. _പികെ നവാസ്_