News

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാര്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചു; ടോസിന് മൈതാനത്ത് മാച്ച് റഫറി മാത്രം

By webdesk17

January 15, 2026

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായതിന്റെ പ്രതിഫലനം ബംഗ്ലാദേശിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും (BPL) പ്രതിസന്ധിയുണ്ടാക്കി. ചാറ്റോഗ്രാം റോയല്‍സും നോവാഖാളി എക്‌സ്പ്രസും തമ്മില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കേണ്ട മത്സരം കളിക്കാര്‍ ബഹിഷ്‌കരിച്ചതോടെ മുടങ്ങി. ടോസിനായി 12.30ഓടെ മാച്ച് റഫറി ഷിപാര്‍ അഹ്‌മദ് ഗ്രൗണ്ടിലെത്തിയെങ്കിലും ഇരു ടീമുകളിലെയും ക്യാപ്റ്റന്‍മാരോ താരങ്ങളോ ഹാജരായില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ടോസിനായി കാത്തുനില്‍ക്കുകയാണെങ്കിലും ആരും എത്തിയില്ലെന്നും മാച്ച് റഫറി ക്രിക് ഇന്‍ഫോയോട് പ്രതികരിച്ചു. ഇന്നലെ ധാക്ക ക്രിക്കറ്റ് ലീഗിലും സമാന രീതിയില്‍ കളിക്കാര്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

മുന്‍ നായകനും ഓപ്പണറുമായ തമീം ഇക്ബാല്‍ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന്, ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ നസ്മുള്‍ ഇസ്‌ലാം തമീമിനെ ‘ഇന്ത്യന്‍ ഏജന്റ്’ എന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. നസ്മുള്‍ ഇസ്‌ലാമിനെതിരെ നടപടി എടുത്തില്ലെങ്കില്‍ BPL മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ക്രിക്കറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് മിഥുന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നസ്മുള്‍ ഇസ്‌ലാമിന്റെ പരാമര്‍ശങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക നിലപാടല്ലെന്നും, കളിക്കാരെ അപമാനിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തമായ നടപടി ഉണ്ടാകാതെ കളത്തിലിറങ്ങില്ലെന്ന നിലപാടിലാണ് കളിക്കാര്‍. നസ്മുള്‍ ഇസ്‌ലാമിനെ പുറത്താക്കണമെന്ന ആവശ്യത്തോടെ താരങ്ങളുടെ സംഘടന ബോര്‍ഡിന് അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം കൂടുതല്‍ ഉലഞ്ഞത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും, ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നതിനെതിരെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐസിസിയെ സമീപിക്കുകയും ചെയ്തു. ഐസിസി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനിടെയാണ് പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് തമീം ഇക്ബാല്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരായ നസ്മുള്‍ ഇസ്‌ലാമിന്റെ വിവാദ പ്രസ്താവനയാണ് ഇപ്പോഴത്തെ ക്രിക്കറ്റ് പ്രതിസന്ധിക്ക് വഴിവെച്ചത്.