ചാനല്‍ ചര്‍ച്ചക്കിടെ മലയാളികളെ പരിഹസിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഫേസ്ബുക്കിനു പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റേറ്റിങ് കുറച്ചാണ് മലയാളികള്‍ ഗോസ്വാമിക്കും റിപ്പബ്ലിക് ടിവിക്കുമെതിരെ പ്രതിഷേധമുയര്‍ത്തിയത്. അര്‍ണാബ് വേയ്സ്റ്റ് ജേര്‍ണലിസ്റ്റ്, പ്രൗഡ് ടു ബി എ കേരള തുടങ്ങി വിവിധ ഹാഷ്ടാഗ് പ്രതിഷേധങ്ങളും വ്യാപകമാണ്.

താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നാണം കെട്ട കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണാബിന്റെ പരിഹാസം. പ്രളയദുരിത സഹായ ഫണ്ടിലേക്ക് യു.എ.ഇ സഹായധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചയിലാണ് അര്‍ണാബ് മലയാളികളെ പരിഹസിച്ചത്. അതേസമയം അര്‍ണാബിനെയും റിപ്പബ്ലിക് ടി.വിയെയും പിന്തുണച്ച് ബി.ജെ.പി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ എം.പി രംഗത്ത് വന്നു.

സമൂഹമാധ്യങ്ങളിലെ കോമാളികളാണ് ചാനലിനെതിരെ പ്രതിഷേധിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.