kerala

കുടുംബശ്രീ യൂണിറ്റുകളിലെ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധം; കെ.പി.എ മജീദ്‌

By Test User

December 03, 2022

സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ജെന്റര്‍ കാമ്പയിന്റെ പേരില്‍ നടപ്പാക്കുന്ന ഒളിയജണ്ടകളിലൊന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.പി.എ മജീദ്. കുടുംബശ്രീ യൂണിറ്റുകള്‍ ചൊല്ലേണ്ട പ്രതിജ്ഞയില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകം ബോധപൂര്‍വ്വം തിരുകിക്കയറ്റിയതാണെന്ന് വ്യക്തമാണ്. ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.

മുസ്ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും അനന്തരാവകാശം സംബന്ധിച്ച് ഇന്ത്യയിലെ സിവില്‍ നിയമം വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനാപരമായ മൗലികാവകാശമാണിത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം വിശ്വാസികള്‍ക്ക് സിവില്‍ നിയമങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. പ്രതിജ്ഞയില്‍നിന്ന് ശരീഅത്ത് വിരുദ്ധമായ ഈ വാചകം അടിയന്തരമായി പിന്‍വലിക്കണം അദ്ദേഹം പറഞ്ഞു.