kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

By webdesk17

March 25, 2025

പ്ലസ്ടു പരീക്ഷയ്ക്കിടെ മറ്റ് വിദ്യാര്‍ത്ഥി സംസാരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി. കുറ്റൂര്‍ നോര്‍ത്ത് കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പറാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്‌മാന്‍ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുട്ടിയും കുടുംബവും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഫുള്‍ എ പ്ലസ് നേടിയിരുന്നു. പിന്നാലെ സിവില്‍ സര്‍വിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാര്‍ത്ഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇന്‍വിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.