ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ‘കുളിമുറി’ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്.
പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മോദിയുടെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഉന്നയിച്ചു.
യു.പി.എ ഭരണകാലത്തെ അഴിമതിയെ കുറിച്ച് ‘കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കേണ്ട വിദ്യ ഡോക്ടര്‍ സാബിന് മാത്രമേ അറിയൂ’ എന്ന മോദിയുടെ പരാമര്‍ശമാണ് വിവാദമായത്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു മോദി മന്‍മോഹനെ പരിഹസിച്ചത്.
ബുധനാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ഒരു പ്രധാനമന്ത്രിയും ഇത്തരമൊരു പരാമര്‍ശം നടത്തിയതായി കേട്ടിട്ടില്ല. രാജ്യത്ത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.
പ്രചാരണത്തിനിടെ, കടുത്ത ഭാഷയില്‍ പലതും പറയാറുണ്ട്. എന്നാല്‍ സഭയില്‍ ചില ഔചിത്യങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ട്. പാര്‍ലമെന്ററി ചര്‍ച്ചകളില്‍ ഇത്തരമൊരു പ്രസ്താവന കാണാനാകില്ല. പ്രധാനമന്ത്രി പരാമര്‍ശം പിന്‍വലിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിച്ചാല്‍ വിഷയം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, മോദിയുടെ പ്രസ്താവനയെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തി. യു. പി.എ ഭരിച്ച പത്തുവര്‍ഷ കാലയളവില്‍ 2ജി, കല്‍ക്കരി തുടങ്ങിയ ധാരാളം അഴിമതികള്‍ നടന്നിട്ടും മന്‍മോഹിന്‍ സിങിന്റെ മേല്‍ അതിന്റെ കറപുരണ്ടില്ല എന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിനിടെ കോ ണ്‍ഗ്രസ് കാണിക്കുന്ന സ്വഭാവത്തില്‍ ആ പാര്‍ട്ടി രാജ്യത്തോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍, മുസോളിനി എന്നിങ്ങനെ പ്രതിപക്ഷം വിശേഷിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.