ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ അഭിനന്ദനമറിയിച്ചു. പാകിസ്ഥാനില്‍ ജനാധിപത്യം ആഴത്തില്‍ വേരോടുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നത്. എന്നാല്‍ സംസാരം എത്രസമയം നീണ്ടുനിന്നെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഓഗസ്റ്റ് 11ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. ഒരു മേശക്ക് ചുറ്റുമിരുന്ന് കശ്മീര്‍ പ്രശ്‌നം ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹം. ഇന്ത്യയും ചര്‍ച്ചക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.