ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കുന്നതാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുചടങ്ങുകളില്‍ മോദിയോട് ഉണ്ടാവുന്ന അപ്രതീക്ഷിത ചോദ്യങ്ങളും ഉത്തരങ്ങളും സ്‌ക്രിപ്റ്റ് എഴുതി തയ്യാറാക്കിയ ശേഷം നടക്കുന്ന നാടകമാണെന്നാണ് രാഹുലിന്റെ ആരോപണം. സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ നന്‍യാങ് സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന മോദിയുടെ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശം.

അപ്രതീക്ഷിത ചോദ്യങ്ങളെ നേരിടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി, എന്നാല്‍ പരിഭാഷകയുടെ കയ്യിലോ എഴുതി തയ്യാറാക്കിയ ഉത്തരം-രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ മറുപടി ചെറുതായിരുന്നു. പക്ഷേ മോദി പറഞ്ഞതിലും കൂടുതല്‍ വസ്തുതകളും കണക്കുകളുമാണ് പരിഭാഷയില്‍ ഉള്‍പ്പെട്ടിരുന്നത്. ഈ വസ്തുത ചൂണ്ടിക്കാണ്ടി ശശി തരൂര്‍ എം.പിയും മോദിയെ പരിഹസിച്ചിരുന്നു.