kerala

ഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!

By Lubna Sherin K P

January 27, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി കേരള പോലീസ്. ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ (Helmet On – Safe Ride) എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.

സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഈ സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിവെച്ചത്.

ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയ്ക്ക് ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പിമാരും ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.