kerala

പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസ്: മുന്‍ വില്ലേജ് ഓഫിസര്‍ ബിജുമോന് ഏഴ് വര്‍ഷം തടവും പിഴയും

By webdesk18

October 31, 2025

കോട്ടയം: പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫിസറും പാലാ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാറുമായ പി. കെ. ബിജുമോന് കോട്ടയം വിജിലന്‍സ് കോടതി ഏഴ് വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു.

2015-ല്‍ കോട്ടയം പുലിയന്നൂര്‍ സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും പേരില്‍ കിടങ്ങൂര്‍ വില്ലേജ് പരിധിയില്‍ വാങ്ങിയ 10 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി 3,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് യൂനിറ്റ് ബിജുമോണിനെ പിടികൂടിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നുമാണ് കോടതിയുടെ നിര്‍ദേശം. വിധി പുറപ്പെടുവിച്ചത് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) കെ.വി. രജനീഷ് ആണ്.

വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് ഹാജരായി. ശിക്ഷാനന്തരമായി പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.