മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പൊലീസ് സ്‌റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ചാംപലാല്‍ ദേവ്ദയാണ് സ്‌റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

ദേവ്ദായുടെ ബന്ധുക്കളിലൊരാള്‍ പൊലീസ് സ്‌റ്റേഷനിലെത്തുകയും പൊതുജനങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭാഗത്തേക്ക് കടക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന വെള്ളകുപ്പിയുമെടുത്ത് ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ എം.എല്‍.എ യെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

സ്‌റ്റേഷനിലെത്തിയ എം.എല്‍.എ പൊലീസ് കോണ്‍സ്റ്റബിളായ സന്തോഷിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അനുഷ്മാന്‍ സിങ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.