kerala

അപകടത്തില്‍പ്പെട്ടരെ തിരിഞ്ഞുനോക്കാതെ പൊലീസ്; പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല

By webdesk13

November 21, 2023

ഇടുക്കി കട്ടപ്പനയില്‍ അപകടത്തില്‍പ്പെട്ടരെ രക്ഷിക്കാതെ പൊലീസ്. പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി ജീപ്പിലെത്തിയ പൊലീസ് സംഘം തയ്യാറായില്ല . നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.

ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കള്‍. ഈ സമയം ടൌണില്‍ നിന്നും തെറ്റായ ദിശയില്‍ എത്തിയ പിക് അപ് വാന്‍ ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

പൊലീസുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചതിന് ശേഷം പിന്നാലെ വന്ന ഓട്ടോയിലാണ് പരുക്കറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ് പി വി അറിയിച്ചു