തിരുവനന്തപുരം: ശബരിമലയിലെത്തുന്ന പൊലീസുകാരോട് സംഘര്‍ഷ സ്ഥലങ്ങളില്‍ പെരുമാറുന്നതിന് സമാനമായി സജ്ജരാകണമെന്ന് നിര്‍ദേശം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ശബരിമലയില്‍ പൊലീസിന് ചില ഇളവുകളുണ്ട്. പ്രത്യേക സ്ഥലങ്ങളില്‍ ചുമതയുള്ളവരല്ലാതെ യൂണിഫോം പോലും നിര്‍ബന്ധമല്ല. എന്നാല്‍ ഇന്നു മുതല്‍ സോപാനത്തിനു താഴെ പൊലീസുകാരെല്ലാം യൂണിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് ചെയ്യണം. സര്‍ എന്നു തന്നെ സംബോധന ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണു പൊലീസിനു നല്‍കിയിട്ടുള്ളത്. ഇതുവരെ സന്നിധാനത്തു പൊലീസ്, ഷര്‍ട്ട് പുറത്തിട്ട് ബെല്‍റ്റിടാതെയാണു നിന്നിരുന്നത്. ചിലപ്പോള്‍ അരയില്‍ തോര്‍ത്ത് കെട്ടും. ലാത്തി ഉപയോഗിക്കാറേയില്ല. മേലുദ്യോഗസ്ഥരെ കണ്ടാല്‍ സ്വാമി ശരണം എന്നായിരുന്നു സംബോധന. ഇതെല്ലാം ഒഴിവാക്കാനാണു തീരുമാനം. പതിനെട്ടാം പടിക്ക് മുകളിലല്ലാത്ത സ്ഥലങ്ങളിലെല്ലാം പൊലീസുകാര്‍ ഷൂ ഉപയോഗിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നെയിംപ്ലേറ്റും ഐഡി കാര്‍ഡും യൂണിഫോമും നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കാക്കി പാന്റ്‌സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ സുരക്ഷാകാരണങ്ങളാല്‍ പരിശോധിക്കും.