കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങിന് സംരക്ഷണം വേണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ എസ്.എച്ച്.ഒയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വി. കുഞ്ഞിക്കൃഷ്ണന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാര്‍ട്ടിക്കുള്ളിലെ ചങ്ങാത്ത മുതലാളിത്തം, ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ പ്രവര്‍ത്തന ശൈലി എന്നിവയ്‌ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ പ്രകാശനം ജോസഫ് സി. മാത്യു നിര്‍വ്വഹിക്കും. ആദ്യപ്രതി ഡോ. വി.എസ്. അനില്‍കുമാറിന് നല്‍കും.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ജനുവരി 26ന് കുഞ്ഞിക്കൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പുസ്തക പ്രകാശനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിക്കൃഷ്ണന്‍ കോടതിയെ സമീപിച്ചത്.