crime

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

By webdesk13

January 30, 2025

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ, പിതാവ് ശ്രീജിത്ത് ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും പുറമെ സഹോദരി, അമ്മയുടെ സഹോദരൻ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.

അമ്മയുടെ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. കുഞ്ഞിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.