കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിങ് രാത്രി 11 മണി വരെ നടക്കും. കൊല്ലം പുളിയഞ്ചേരി എൽ.പി സ്‌കൂളിലാണ് അസാധാരണ നടപടി. മൂന്ന് വോട്ടിങ് യന്ത്രങ്ങൾ കേടായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അനുമതിയോടെ ജില്ലാ കളക്ടർ വോട്ടിങ് രാത്രിവരെ നീട്ടാൻ അനുമതി നൽകിയത്.

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ 89-ാം നമ്പർ ബൂത്തായ പുളിയഞ്ചേരിയിൽ മോക്ക് പോളിനിടെ തന്നെ ഒരു യന്ത്രം കേടായിരുന്നു. പിന്നീട് വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ രണ്ട് യന്ത്രങ്ങൾ കൂടി പണിമുടക്കി. ഇതിനെ തുടർന്ന് കോഴിക്കോടു നിന്ന് പുതിയ യന്ത്രങ്ങളെത്തിച്ച് ഉച്ചക്ക് 12.25 നാണ് പോളിങ് ആരംഭിച്ചത്. വോട്ട് ചെയ്യാൻ വൻ ആൾക്കൂട്ടം ഉള്ളതിനാൽ വോട്ടിങ് സമയം നീട്ടണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം കളക്ടർ അംഗീകരിക്കുകയായിരുന്നു.

യന്ത്രങ്ങൾ കേടായതു കാരണം വടകര മണ്ഡലത്തിൽ 41 സ്ഥലങ്ങളിൽ പോളിങ് വൈകിയാണ് ആരംഭിച്ചത്. രാവിലെ മുതൽ ബൂത്തുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പോളിങ് ശതമാനം വർധിക്കുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.