വള്ളുവമ്പ്രം: പരിശുദ്ധ ഹജ്ജിന്റെ ഗൃഹപാഠം ചെയ്യുന്നതിനായി പൂക്കോട്ടൂരിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുവാന്‍ ചരിത്രഭൂമിക ഒരുങ്ങിക്കഴിഞ്ഞു. പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന ഇരുപത്തിയാറമത് ഹജ്ജ് ക്യാമ്പിന് ഇന്ന് മുതല്‍ തുടക്കമാവും.
ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല എം.എല്‍.എ, കുഞ്ഞിമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂര്‍, മാതാപ്പുഴ മുഹമ്മദുകുട്ടി ഹാജി, അഷ്‌റഫ് വെങ്ങാട് പി.എ ജബ്ബാര്‍ ഹാജി കെ.എ റഹ്‌മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സലീംഎടക്കര, സഊദി നാഷണല്‍ കെ.എം.സി.സി നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര ടൈപ്പ് കൂള്‍ സീലിങ് പന്തല്‍, സി.സി.ടി.വി, എല്‍.ഇ.ഡി വാള്‍ , താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ ചെക്കപ്പ് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവ നഗരിയില്‍ സജ്ജമാണ്. കൂടാതെ ഭക്ഷണവും, താമസ സൗകര്യവും സൗജന്യമായി ഇന്ന് മുതല്‍ ഹാജിമാര്‍ക്കു നല്‍കും. വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കര്‍മ്മങ്ങള്‍ വിശദമായി വിവരിക്കുന്ന ക്യാമ്പിന് മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് നേതൃത്വം നല്‍കുന്നത്.
രണ്ട് ദിവസത്തെ പഠനക്യാമ്പില്‍ സംബന്ധിച്ചാല്‍ സംശ യങ്ങള്‍ നീക്കി ഹജ്ജിലെ കര്‍മ്മാനുഷഠാനങ്ങള്‍ യഥാവിധി നിര്‍വഹിക്കാം. ഹാജിമാരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഗവണ്‍മെന്റ് ഹാജിമാര്‍ക്കൊപ്പം ഹജ്ജ് ചെയ്തു പരിചയമുള്ള വളണ്ടിയര്‍മാരുടെ സേവനം ക്യാമ്പില്‍ ഉണ്ടായിരിക്കും. നാളെ രണ്ടാം ദിവസത്തെ ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥന സദസ്സിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമുലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍ വന്നിറങ്ങുന്ന ഹാജിമാര്‍ക്കായി ക്യാമ്പിലേക്കും തിരിച്ചും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംശയങ്ങള്‍ക്ക് 9847844949 നമ്പറില്‍ ബന്ധപ്പെടുക.