News

ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാര മാര്‍ഗമെന്ന് മാര്‍പാപ്പ; ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നു

By webdesk18

December 01, 2025

ഇസ്തംബൂള്‍: ഇസ്രാഈല്‍ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ഏക മാര്‍ഗമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവര്‍ത്തിച്ചു. തുര്‍ക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കി ലബനാനിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം വത്തിക്കാന്റെ ദീര്‍ഘകാല നിലപാട് വീണ്ടും വ്യക്തമാക്കിയത്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ചയ്ക്കിടെ ഗസ്സയും യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍, ഇരു സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് നിര്‍ണായക പങ്കുവഹിക്കാമെന്നായിരുന്നു മാര്‍പാപ്പയുടെ വിലയിരുത്തല്‍.

ഇസ്രാഈല്‍ ഇപ്പോള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് തയ്യാറല്ലെങ്കിലും അതുവഴിയാണ് ശാശ്വത സമാധാനം സാധ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും സുഹൃത്തുക്കളാണ് വത്തിക്കാന്‍. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന രീതിയില്‍ സമാധാനപാതയിലേക്ക് ഇരുവരെയും നയിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ ഖാന്‍ യൂനുസില്‍ വിറക് ശേഖരിക്കാന്‍ പോയ സഹോദരങ്ങളായ എട്ട്, 11 വയസ്സുകാരെ ഇസ്രാഈല്‍ സേന ബോംബിട്ട് കൊന്നു. തങ്ങള്‍ നിശ്ചയിച്ച അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. അടുപ്പിനു വേണ്ടിയുള്ള വിറക് തേടിയതിനാലാണ് മക്കള്‍ പുറത്തുപോയതെന്ന് പിതാവ് മുഹമ്മദ് അബൂ അസി അറിയിച്ചു.

റഫായിലും ഇസ്രാഈല്‍ ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിനുശേഷവും ഗസ്സയുടെ പകുതിയിലധികം പ്രദേശം ഇസ്രാഈല്‍ സൈനിക നിയന്ത്രണത്തിലാണ്, ഇവിടങ്ങളിലെ ഫലസ്തീനികളുടെ പ്രവേശനം കര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു. ഹമാസ് നിരായുധീകരിക്കപ്പെടുകയും അന്താരാഷ്ട്ര സേന നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താല്‍ പിന്മാറുമെന്നും ഇസ്രാഈല്‍ വാഗ്ദാനം ചെയ്യുന്നു.