ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തിന് നിലവില്‍ കൃത്രിമ ശ്വാസം നല്‍കുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയത്. ഫെബ്രുവരി 14നാണ് ശ്വാസതടസത്തെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു.
കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ചാരുകസേരയില്‍ ഇരുന്ന് തെറാപ്പികള്‍ക്ക് വിധേയമാകുന്നതായി വത്തിക്കാന്‍ അറിയിച്ചിരുന്നു. രാത്രി നന്നായി ഉറങ്ങിയെന്നും അദ്ദേഹം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ടായിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു വിശ്വാസികള്‍.
ജമേലി ആശുപത്രിയുടെ പത്താം നിലയിലെ പ്രത്യേക മുറിയിലാണ് പോപ്പ് ചികിത്സയില്‍ കഴിയുന്നത്. പ്രത്യേക മെഡിക്കല്‍ ടീമിന്റെ സഹായത്തോടെയാണ് മുഴുവന്‍ സമയവും ചികിത്സയും പരിചരണവും മാര്‍പാപ്പയ്ക്ക് നല്‍കുന്നത്. 2013ല്‍ മാര്‍പാപ്പയായതിനുശേഷം ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെയും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ആശുപത്രി വാസമാണിത്.