കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.
ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.