നയ്പിഡോ: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ പ്രസംഗം. മ്യാന്‍മറില്‍ നടത്തിയ പ്രഭാഷണത്തില്‍ പൊതുവിഷയങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആങ് സാന്‍ സൂകി, പ്രസിഡന്റ് തിന്‍ കയ്യോ, സേനാ മേധാവി മിന്‍ ആങ് ലൈംഗ് എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

റോഹിന്‍ഗ്യന്‍ അഭയാര്‍ ത്ഥി വിഷയം യുഎന്‍ എടക്കമുള്ള സംഘടനകളും ലോക രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്യുന്ന സമയത്ത് സമാധാനത്തിന്റെ വക്താവായ ഫ്രാന്‍സിസ് മാര്‍ പാപ്പ അഭിപ്രായം പറയുമെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. എന്നാല്‍ ആ വിഷയത്തെ കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ചും അതിനെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയും വികസനത്തെയുള്‍പ്പെടെ ബാധിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.

അധ്യക്ഷ പദവിയിലുണ്ടായിരുന്ന ആങ് സാന്‍ സൂകിയും തന്റെ പ്രസംഗത്തില്‍ ആഭ്യന്തര പ്രതിസന്ധികളെ കുറിച്ചാണ് പറഞ്ഞത്. റാഖൈനിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ കണക്കുകള്‍ നിരത്തിയാണ് സൂചി തുടര്‍ന്നത്. ആറ് ലക്ഷത്തിനടുത്ത് അഭയാര്‍ഥികള്‍ വടക്കന്‍ റാഖൈനില്‍ നിന്ന് പലായനം ചെയ്തതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ പൊതുവായി ഈ വിഷയത്തിലെ നിലപാട് സൂചിയും പറഞ്ഞില്ല.

ബംഗ്ലാദേശില്‍ സ്ഥിരം ക്യാമ്പുകള്‍ പണിയുന്നു

വംശഹത്യയെ തുടര്‍ന്ന് മ്യാന്മറില്‍ നിന്നു പാലായനം ചെയ്ത റോഹിന്‍ഗ്യന്‍ ജനതയ്ക്കുള്ള ക്യാമ്പുകള്‍ക്കായി കണ്ടെത്തിയ ചതുപ്പു നിലം ഒരുക്കിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തരിശു കിടക്കുന്ന പ്രദേശത്ത് അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പുകള്‍ നിര്‍മിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിലം ഒരുക്കിയെടുക്കാന്‍ തീരുമാനിച്ചത്.

പ്രദേശം ആവാസ യോഗ്യമാക്കാന്‍ 280 മില്യണ്‍ ഡോളര്‍ ആണ് ചിലവഴിക്കുക. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക ചുമതല പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കാണ്. ബാഷന്‍ ചാര്‍ ദ്വീപിലാണ് അഭയാര്‍ത്ഥികള്‍ക്കായി പാര്‍പ്പിട സൗകര്യം ഒരുക്കുക. 2015ല്‍ ഈ പ്രദേശത്ത് ക്യാമ്പുകള്‍ നിര്‍മിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, വിവിധ ഭാഗങ്ങളില്‍ നിന്നു അഭയാര്‍ത്ഥികള്‍ക്ക് സഹായമായി ഫണ്ടുകള്‍ എത്തിയതോടെ പ്രദേശം ഒരുക്കിയെടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും പദ്ധതി ഒരുക്കുകയായിരുന്നു.

മെയ് മാസത്തോടെ ക്യാമ്പുകള്‍ തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്ലാനിങ് സെക്രട്ടറി സിയൂള്‍ ഇസ്‌ലാം വ്യക്തമാക്കി. ഒരു ലക്ഷം പേരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യോമ സേന നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയം, കാറ്റ്, പേമാരി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രദേശമാണിത്. ഇത്തരം പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണ് നിര്‍മാണം. ഇതുവരെ 6.2 ലക്ഷം അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തിയതായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.