കുവൈത്ത് സിറ്റി: നിരോധിത മരുന്ന് കൈവശം വെച്ചതും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണത്തിന്റെ ഭാഗമായി കുവൈത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭര്‍ത്താവിനെയും 21 ദിവസത്തേക്ക് സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വിദേശത്തുനിന്ന് കുവൈത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് നിരോധിത മരുന്നായ ‘ലിറിക്ക’ കൈവശം വെച്ച നിലയില്‍ ഇരുവരും വിമാനത്താവള പരിശോധനയില്‍ കുടുങ്ങിയത്.
യാത്രക്കിടെ കൈവശമുണ്ടായിരുന്ന പണം നിയമപ്രകാരം വെളിപ്പെടുത്താന്‍ പരാജയപ്പെട്ടതും കേസിന് വഴിവെച്ചു. സംഭവത്തില്‍ ലഹരിമരുന്ന് ഉപയോഗം, കൈവശം വെയ്പ്, സാമ്പത്തിക നിയമലംഘനം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, പുതുവത്സര രാവില്‍ സുബിയ പ്രദേശത്ത് നടന്ന വഴക്കിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് കുവൈത്ത് സ്വദേശികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ച കോടതി, ഇരുവരെയും സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു.
പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടെ, കുവൈത്തില്‍ പുതുതായി നിലവില്‍ വന്ന ലഹരിമരുന്ന് നിയമം ആദ്യമായി കോടതി പ്രയോഗിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് മുമ്പ് ലഭിച്ചിരുന്ന അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ അപ്പീല്‍ കോടതി ഒരു വര്‍ഷമായി കുറച്ചു. 2025 ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്ന പുതിയ നിയമം പ്രതിക്ക് അനുകൂലമായതിനാലാണ് ജഡ്ജി നാസര്‍ സലേം അല്‍ഹൈദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ശിക്ഷയില്‍ ഇളവ് അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.