മുംബൈ: ബിജെപി നേതാക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ബ്രിട്ടീഷ് ഡോക്ടര്‍ സംഗ്രാം പാട്ടീലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് (LOC) പുറപ്പെടുവിച്ച സംഭവത്തില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നും ലുക്ക് ഔട്ട് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. സംഗ്രാം പാട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അശ്വിന്‍ ഡി. ഭോബെ നോട്ടീസ് അയച്ചത്.
യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സംഗ്രാം പാട്ടീല്‍ ജനുവരി 10-നാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് ഇദ്ദേഹത്തെ തടയുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ജനുവരി 19-ന് തിരികെ ലണ്ടനിലേക്ക് മടങ്ങാന്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് യാത്ര നിഷേധിച്ചത്.
ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനായ നിഖില്‍ ഭാംറെ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ‘ഷെഹര്‍ വികാസ് അഘാഡി’ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് സംഗ്രാം പാട്ടീല്‍ പങ്കുവെച്ചതിലൂടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനും ശ്രമിച്ചു എന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 353 (2) പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ഡോക്ടര്‍ക്കെതിരെയുള്ള നടപടി പൂര്‍ണ്ണമായും ഏകപക്ഷീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുദീപ് പാസ്ബോല വാദിച്ചു. കൃത്യമായ പരിശോധനയില്ലാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ മതവിദ്വേഷം വളര്‍ത്തുന്നതോ ആയ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹര്‍ജിക്കാരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സമാനമായ മറ്റ് പോസ്റ്റുകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ മിലിന്ദ് സാത്തെ കോടതിയെ അറിയിച്ചു.
മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹര്‍ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്‍ മാറ്റി.