editorial

തിരഞ്ഞെടുപ്പാനന്തര ബംഗ്ലാദേശ്

By Akhila

February 16, 2026

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബി.എന്‍.പി (ബം ഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) വന്‍ ഭൂരിപക്ഷം നേടിയതോ ടെ പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദസിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിപദത്തിലേറാനിരിക്കുകയാണ്. മുന്നൂറംഗ ജാതീയ സന്‍ സദില്‍ (ബംഗ്ലാദേശ് പാര്‍ലമെന്റ) ഇരുന്നൂറിലധികം സീറ്റുകള്‍ നേടിയുള്ള താരിഖിന്റെ അധികാരാരോഹണം ബംഗ്ല രാഷട്രീയത്തിന്റെ തലമുറമാറ്റം കൂടിയായാണ് വിശേഷിപ്പി ക്കപ്പെടുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയതിനാല്‍ ബി.എന്‍.പി.യും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നയിക്കുന്ന 11 പാര്‍ട്ടികളുടെ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ നിറസാനിധ്യമായിരുന്ന താരീഖിന്റെ പേരില്‍ അഴിമതിയുടെ കരിനിഴല്‍ പതിക്കുകയും അതുവഴി രാജ്യംതന്നെ വിടേണ്ടിവരികയും ചെയ്തിരുന്നു വെങ്കിലും പുതിയ സാഹചര്യത്തില്‍ രാഷ്ട്രത്തെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ വീണ്ടും അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. ശൈഖ് ഹസീനയുടെ അവാമി ലീഗിനെയും ഖാലിദ സിയയുടെ ബി.എന്‍.പിയെയും പതിറ്റാണ്ടുകളോളം മാറിമാറി പരീക്ഷിച്ചിരുന്ന ബംഗ്ലാദേശ് ജനത പിന്നീട് അവാമി ലീഗിന് ഭരണത്തുടര്‍ച്ച നല്‍കുകയായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തിന്റെ ആലസ്യത്തില്‍ രാജ്യത്തെയും ജനങ്ങളെയും മറന്ന്, രാജ്യഭരണം സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വകവെച്ചുനല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതും ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതും.

എന്നാല്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ അധികാര കസേരയിലേക്ക് എത്തുമ്പോള്‍ മുന്നിലുള്ളത് കനത്ത വെല്ലുവിളികളാണ്. ആഭ്യന്തരമായി വലിയ സംഘര്‍ഷങ്ങള്‍ ബംഗ്ലാദേശ് നേരിടുന്ന കാലത്താണ് താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകുന്നത്. ബംഗ്ലാദേശിന്റെ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനായ അദ്ദേഹത്തെ സംബന്ധിച്ചു അധികാര രാഷ്ട്രീയം പുതുമനിറഞ്ഞതല്ല. നാഷണലിസ്റ്റ് പാര്‍ട്ടിയു ടെ സ്ഥാപകനും രാജ്യത്തിന്റെ പ്രസിഡന്റുമായ പിതാവ് സിയാവുര്‍ റഹ്‌മാന്‍ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 1981ലാണ്. അന്ന് താരിഖ് റഹ്‌മാന് വെറും 16 വയസായിരുന്നു പ്രായം. സിയാവുര്‍ റഹ്‌മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. മാതാവിനൊപ്പം എന്നും അധികാരത്തിന്റെ വഴികളില്‍ കരുത്തനായി താരിഖ് റഹ്‌മാന്‍ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാര്‍ട്ടിയിലെയും ഭരണത്തി ലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു താരിഖ് റഹ്‌മാന്‍. ഷെയ്ഖ് ഹസീന അധികാരത്തില്‍ വന്നതോടെ അഴിമതി കേസുകളില്‍ താരിഖ് പ്രതിയായി. ചിലതില്‍ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് ഓടേണ്ടി വന്നു. 2008 മുതല്‍ ലണ്ടനില്‍ ഇരുന്നാണ് പാര്‍ട്ടിയെ നയിച്ചത്.

നീണ്ട 17 വര്‍ഷം പ്രവാസ ജീവിതം. 2024 ല്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെ ആണ് താരിഖ് റഹ്‌മാനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശില്‍ മടങ്ങിയെത്തി. ഖാലിദ സിയയുടെ മ രണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി താരിഖ് ചുമതലയേറ്റു. ലക്ഷ്യം പ്രധാനമന്ത്രി പദം തന്നെ ആയിരുന്നു. ആ അധികാര കസേര ഇപ്പോള്‍ താരിഖ് റഹ്‌മാന്‍ നേടിയിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. അഴിമതിക്കാരന്‍ എന്ന പഴയ പ്രതിച്ഛായ മാറ്റണം, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണം, കടുത്ത സാമ്പത്തിക വെല്ലുവിളികളെ മറികടക്കണം, 17 കോടിവരുന്ന ബംഗ്ലാദേശ് ജനത യുടെ പ്രതീക്ഷകള്‍ സഫലമാക്കണം. ചരിത്ര വിജയത്തിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ പ്രതീക്ഷയുടെ കിരണങ്ങളാണ് നിയുക്തപ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയവര്‍ക്കായാണ് തിരഞ്ഞെടുപ്പ് വിജയം അദ്ദേഹം സമര്‍പ്പിച്ചത്.

‘നമ്മുടെ അഭിപ്രായങ്ങളും വഴികളും വ്യത്യസ്തമായിരിക്കാം, പക്ഷേ രാജ്യത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി നമ്മള്‍ ഒന്നിച്ചുനില്‍ക്കണം. ദേശീയ ഐക്യമാണ് നമ്മുടെ കരുത്ത്, ഭിന്നത ബല ഹീനതയും’ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 299 അംഗ പാര്‍ലമെന്റില്‍ 212 സീറ്റുകള്‍ ബി.എന്‍.പി നേടിയപ്പോള്‍ മുഖ്യ എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തി ന് 77 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിക്ക് കേവലം ആറു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പും ഹിതപരിശോധനയും പൂര്‍ത്തിയാക്കിയ തോടെ ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് ജനങ്ങളുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായി. പുതിയ ബംഗ്ലാദേശിന്റെ പിറവി സംഭവിച്ചിരിക്കുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം. ഒരാള്‍ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമ ഭേദഗതി വോട്ടര്‍മാര്‍ അംഗീകരിച്ചതു രാജ്യത്തിന്റെ ഭാവിരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമാണ്. ഇന്ത്യയോടുള്ള പുതിയ സര്‍ക്കാറിന്റെ സമീപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.