ബാംഗളൂരു: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റില്‍. ബാംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റുചെയ്തത്.

കടുത്ത ബി.ജെ.പി അനുഭാവം വച്ചുകൊണ്ടുള്ള വാര്‍ത്തകളായിരുന്നു പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഹൈലൈറ്റ്. ശ്രാവണബലെഗൊളയില്‍ വാഹനാപകടത്തില്‍ ഒരു ജൈനസന്യാസിക്ക് പരിക്കേറ്റ സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ് വാര്‍ത്ത നല്‍കിയത്.

153എ, 295എ, 120ബി വകുപ്പുകള്‍ അനുസരിച്ചാണ് മഹേഷിനെതിരെ കേസുകള്‍ ചുമത്തിയിരിക്കുന്നത്. നേരത്തെയും പല വിവാദ വാര്‍ത്തകളും പോസ്റ്റ്കാര്‍ഡ് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. അതേസമയം, അറസ്റ്റില്‍ പ്രതികരിച്ച് ബി.ജെ.പി രംഗത്തെത്തി. കര്‍ണാടകയിലെ ഭീരുക്കളായ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഹേഷിനെ അറസ്റ്റ് ചെയ്തുവെന്ന് ബി.ജെ.പി എം.പി പ്രതാപ് സിംഹ പറഞ്ഞു.