കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ എലത്തൂരില്‍ പോസ്റ്ററുകള്‍. എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. കറപുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍. എലത്തൂരിലും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിക്കുന്ന എലത്തൂര്‍ മണ്ഡലം വികസനരംഗത്ത് വലിയ പിന്നോക്കാവസ്ഥയാണ് അനുഭവിക്കുന്നത്. എടുത്തുപറയാവുന്ന ഒരു വികസനപദ്ധതി പോലും മണ്ഡലത്തില്‍ കൊണ്ടുവരാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫ് വരണമെന്ന ഉറച്ചനിലപാടിലാണ് മണ്ഡലത്തിലെ ജനങ്ങള്‍.