News

പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം

By Akhila

February 05, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വീണ്ടും ജാമ്യം. കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ വിവിധ ഗുരുതര കേസുകളില്‍ പ്രതിയായ പോറ്റിക്ക് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനാല്‍, പ്രതി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യകണ്ണിയായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നത്. ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്ന പോറ്റി, നിയമത്തിലെ സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി വീണ്ടും പുറത്തേക്ക് വരികയാണ്.

ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ പ്രതിക്ക് തുടര്‍ച്ചയായി ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട സമഗ്ര സത്യം പുറത്തുവരേണ്ടതുണ്ടെന്ന ആവശ്യം ശക്തമാകുകയാണ്.