kerala

പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം

By sreenitha

January 28, 2026

പാലക്കാട്: കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.

യുവതിയുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭർത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി നീണ്ടുനിൽക്കുന്ന തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യുവതി വ്യക്തമാക്കിയത്. പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാതിരുന്നതോടെ ജനശ്രദ്ധ ആകർഷിക്കാനാണ് നടുറോഡിൽ നമസ്‌കരിച്ചതെന്നും യുവതി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം നീക്കിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.