തൃശ്ശൂര്‍:ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി. എല്ലാ ഔദ്യോഗിക ബഹുമതികളോടെയും കൂടി തൃശ്ശൂര്‍ പൊന്നുകരയിലുഉള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഉച്ചയോടെ സോലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാറില്‍ എത്തിച്ച പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ശേഷം ജന്മനാടായ തൃശ്ശൂരിലേക്ക് വിലാപയാത്ര റോഡ് മാര്‍ഗം തുടര്‍ന്നു. ശേഷം അദ്ദേഹം പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ചു. രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. വൈകിട്ടോടെ വസതിയില്‍ വച്ച് സംസ്‌കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

2002 മുതലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമാകുന്നത്. അച്ഛന്റെ ചികിത്സ ആവശ്യത്തിനായി നാട്ടിലെത്തിയ പ്രദീപ് തിരികെ ജോലിയില്‍ പ്രവേശിച്ച നാലാം ദിനമാണ് ദാരുണമായ അപകടം സംഭവിക്കുന്നത്.

കഴിഞ്ഞദിവസം കൂനൂരില്‍ വെച്ച് നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ആണ് സംയുക്ത സൈനിക മേധാവി അടക്കം 13 പേര്‍ രാജ്യത്തിന് നഷ്ടമായത്.അപകടത്തില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13പേരും മരണത്തിനു കീഴടങ്ങി.ശേഷിച്ച ഒരാള്‍ ബംഗളൂരുവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സ തുടരുകയാണ്.