മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ് എന്ന യുവാവ് അകല്‍ച്ചയുടെ മതില്‍ക്കെട്ടുകള്‍ പൊളിക്കുന്നത്.

പ്രഹളാദിന്റെ ഓട്ടോയില്‍ കയറുന്നവര്‍ ആദ്യം കാണുക വെള്ളക്കടലാസില്‍ പ്രിന്റൗട്ടെടുത്ത് ഒട്ടിച്ചുവെച്ച ഈ വാചകങ്ങളാണ്: Free Auto Service Only Rozedars Person (സൗജന്യ ഓട്ടോ സേവനം. നോമ്പുള്ളവര്‍ക്ക് മാത്രം). ഹിന്ദുസ്ഥാന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകന്‍ ഉസൈര്‍ ഹസന്‍ റിസ്‌വിയാണ് പ്രഹളാദിന്റെ വിശാലമനസ്‌കത സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘ജനങ്ങള്‍ രണ്ടുവിധക്കാരാണ്. ഒന്നുകില്‍ വിശ്വാസത്തിന്റെ കാര്യത്തിലുള്ള നിങ്ങളുടെ സഹോദരര്‍, അല്ലെങ്കില്‍ മാനവികതയില്‍ തുല്യര്‍. വെറുപ്പും അസഹിഷ്ണുതയും നിറഞ്ഞ ലോകത്ത് റമസാന്‍ നോമ്പനുഷ്ഠിക്കുന്ന മുസ്‌ലിംകള്‍ക്ക് സൗജന്യ ഓട്ടോയാത്ര നല്‍കുന്ന പ്രഹളാദ് മാനവികതയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നു’ എന്നാണ് റിസ്‌വി ട്വിറ്ററില്‍ കുറിച്ചത്.

ഈയിടെ, ഹരിദ്വാറില്‍ മുസ്‌ലിം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ ഹിന്ദുമത തത്വങ്ങള്‍ പഠിപ്പിക്കുന്ന ഗുരുകുലത്തില്‍ സന്ദര്‍ശനം നടത്തുകയും ഋഷികുമാരന്മാര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.