Culture

കീഴാറ്റൂരില്‍ കര്‍ഷക സമരം സിപിഎം തകര്‍ത്തെങ്കില്‍ അതും ഫാസിസം; ബിജെപിയുടെ ഫാസിസം പോലെ തന്നെ അപകടകരമാണ് അതെന്നും പ്രകാശ് രാജ്

By chandrika

March 16, 2018

കാസര്‍ഗോഡ്: കണ്ണൂരില്‍ സിപിഐ.(എം). കര്‍ഷക സമരം തകര്‍ത്തെങ്കില്‍ അതും ഫാസിസമാണ്. ബിജെപി.യുടെ ഫാസിസം പോലെ തന്നെ അത് അപകടകരമാണ്. മതേതരത്വത്തിനും മാനവികതക്കും എതിരു നില്‍ക്കുന്ന ഏതൊരു ചിന്താഗതിയും എതിര്‍ക്കപ്പെടേണ്ടതാണ് പ്രകാശ് രാജ് പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി രാജ്യഭരണമേല്‍പിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല പ്രകാശ് രാജ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് തനിക്ക് വെറുപ്പില്ല. എന്നാല്‍ മതത്തിന്റെ പേരില്‍ കലഹങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നത് രാജ്യത്തിന് ഭൂഷണമല്ല. അഴിമതിയെക്കാള്‍ അപകടമാണ് വര്‍ഗീയ രാഷ്ട്രീയം. എതുതരം ഫാസിസവും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയുടേയും മതത്തിന്റേയും ചിന്താഗതിയുടേയും നിലപാടിന്റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്താമെന്നത് ജനാധിപത്യ സമൂഹത്തിന് ആശാസ്യകരമല്ല. ആരോഗ്യകരമായ സമൂഹത്തില്‍ ജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടായിരിക്കണം. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അത് നിഷേധിക്കപ്പെടുകയാണ്. ആരെങ്കിലും ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ മറുപടിക്ക് പകരം അവര്‍ക്ക് നിറങ്ങള്‍ ചാര്‍ത്തിക്കൊടുക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മനസില്‍ പോലും വിഷം കുത്തിവെക്കപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. സിനിമയുടേയും കലയുടേയും മൗലികമായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയാണ്. തങ്ങള്‍ക്ക് നേരെ ഉയരുന്ന കൈകള്‍ വെട്ടിയെറിയുകയാണ് ഫാസിസ്റ്റ് രീതി. ഒരു ചെടിയില്‍ നിന്ന് എത്ര പൂവുകള്‍ പറിച്ചാലും ശരത്കാലം വരാതിരിക്കില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തും. എന്നാല്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണത്തിനിറങ്ങില്ല. ഇനിയും ഒരു ഗൗരി ലങ്കേഷ് സംഭവം ആവര്‍ത്തിക്കരുത്. അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നാല്‍ മാത്രമേ ഒരു ഭരണാധികാരിയെ തിരുത്താന്‍ കഴിയൂ. തങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയരാന്‍ പോലും ബിജെപി. സര്‍ക്കാര്‍ അനുവദിക്കുന്നില്ല.