More

പ്രണവും കല്യാണിയും ഒന്നിക്കുന്നു

By chandrika

September 25, 2018

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍-ലിസി എന്നിവരുടെ മകള്‍ കല്യാണിയും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നു. ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളായ ഇവരുടെ സിനിമക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മെഗാബഡ്ജറ്റ് ചിത്രത്തില്‍ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017-ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

ചിത്രം നവംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യറും എത്തുന്നുണ്ട് മരയ്ക്കാറില്‍. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തും. ഒന്നാം മരയ്ക്കാറായി മധുവും അഭിനയിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ പ്രണവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കല്യാണി പറഞ്ഞിരുന്നു. മോഹന്‍ലാലും പ്രിയദര്‍ശനും അടുത്ത സുഹൃത്തുക്കളാണ്.