ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മോദിയും അര്‍ണബ് ഗോ സ്വാമിയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട പ്രശാന്ത് ഭൂഷണ്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

”താങ്കളുടെ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കാണാന്‍ സാധിക്കാത്തത്?” എന്ന അര്‍ണബിന്റെ ചോദ്യത്തിന് ”ഈ വികസനം ലക്ഷണങ്ങള്‍ ഇല്ലാത്തതാണ്, അത് സംഭവിക്കുന്നുണ്ട് പക്ഷേ കാണാന്‍ സാധിക്കുന്നില്ല” എന്ന് മോദി മറുപടി നല്‍കുന്നതായാണ് മീമീല്‍ അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ട്വീറ്റിനൊപ്പമാണ് പ്രശാന്ത് ഭൂഷണ്‍ ഈ മീമ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ”താങ്കളെന്താണ് പറയുന്നത് ബ്രദര്‍?! ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി; തൊഴിലില്ലായ്മ 24 ശതമാനം കൂടി; കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ! പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഇന്ന് രാവിലെ 8.8 ന് ഇട്ട ട്വീറ്റ് ഇതിനോടകം തന്നെ 2200 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 8700 ലൈക്കാണ് ലഭിച്ചിരിക്കുന്നത്. നിരവധി കമ്മന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.

മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ബി.ജെ.പിയുടേയും പ്രസ് ബ്യൂറോ ഓഫ് ഇന്ത്യയുടേയും പ്രധാനമന്ത്രിയുടേയും യൂട്യൂബ് ചാനലില്‍ അപ് ചെയ്ത മന്‍ കീ ബാത്തിന്റെ വീഡിയോയ്ക്ക് റെക്കോര്‍ഡ് ഡിസ് ലൈക്കാണ് ലഭിച്ചത്.