ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചേക്കും. ശിക്ഷയിന്മേല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വാദം കേള്‍ക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക. 1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് അനുസരിച്ച് ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ. ഇതാണ് ശിക്ഷയെങ്കില്‍ പ്രശാന്ത് ഭൂഷണ്‍ ജയിലില്‍ പോവേണ്ടി വരും.
അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവകാശമുണ്ടെന്നും ശിക്ഷയിന്മേലുള്ള വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. അതിനായി പ്രശാന്ത് ഭൂഷണ്‍ നല്‍കി. ഒരുപക്ഷേ, കോടതി ഇതാദ്യം പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി നടപടിക്കെതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.
1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് 12
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ 14ന് വിധിച്ചത്.
രണ്ടു ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുന്നത്. അതിന് ആധാരമായ ഭൂഷന്റെ ആദ്യ ട്വീറ്റ് ഇതായിരുന്നു- ”പൗരന്മാര്‍ക്ക് നീതി കിട്ടാനുള്ള സൗകര്യം നിഷേധിച്ചുകൊണ്ട് സുപ്രീം കോടതിയെ ലോക്ക്ഡൗണിലാക്കിയ ശേഷം ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് ബി.ജെ.പി. നേതാവിന്റെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലയുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ ഓടിക്കുന്നു.”
രണ്ടാമത്തെ ട്വീറ്റില്‍ ഭൂഷന്‍ പറഞ്ഞതിതാണ്- ”ഭാവിയില്‍ ചരിത്രകാരന്മാര്‍ ഇക്കഴിഞ്ഞ ആറു വര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയില്‍ ഔപചാരിക അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ജനാധിപത്യം തകര്‍ക്കപ്പെട്ടതെങ്ങിനെയെന്ന് അവര്‍ കാണും. ആ തകര്‍ച്ചയില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ച് ഈ കാലയളവിലെ ഏറ്റവും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും. ”
ഈ ട്വീറ്റുകള്‍ സുപ്രീം കോടതി എന്ന മഹത്തായ സ്ഥപാനത്തെ അട്ടിമറിക്കുകയാണെന്നും ഇതിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ അത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അന്തസ്സും ആദരവും കെടുത്തുമെന്നുമാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പൗരത്വ ഭേദഗതി നിയമം, ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത്, കശ്മീരില്‍ അന്യായമായി നൂറുകണക്കിനു പേര്‍ തടവിലാക്കപ്പെട്ട സംഭവം- ഇവയുമായി ബന്ധപ്പെട്ട ഒരു കേസിലും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി കരുതാതിരിക്കുമ്പോള്‍ രണ്ട് ട്വീറ്റുകളുടെ പേരില്‍ ഒരു അഭിഭാഷകനെ ശിക്ഷിക്കാന്‍ സുപ്രീം കോടതി തയ്യാറെടുക്കുന്നത് ലോകത്തിന് എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് മുന്‍ സുപ്രീംകോടതി ചിഫ് ജസ്റ്റിസ് ആര്‍.എം. ലോഥയും മുന്‍ ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷായും അടക്കമുള്ളവര്‍ ചോദിക്കുന്നു.