Culture

ഞങ്ങളെപ്പോലുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം; മന്ത്രി ഷൈലജയെ വിമര്‍ശിച്ച് പ്രതിഭാ ഹരി

By web desk 1

May 11, 2019

ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്‌ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ പ്രതിഭാ ഹരി രംഗത്ത്. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കാത്തതില്‍ പരിഭവിച്ചാണ് ആരോഗ്യ മന്ത്രിയുടെ ഫെയ്‌സ്ബുക് കുറിപ്പിനു താഴെ പ്രതിഭാ ഹരിയുടെ കമന്റ്.

പ്രതിദിനം 2000ത്തോളം രേഗികള്‍ വരുന്ന ആലപ്പുഴയിലെ താലൂക്ക് ആശുപത്രിയുടെ വികസനത്തിനു വേണ്ടി സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ലെന്ന് അവര്‍ കമന്റില്‍ പറയുന്നു. ഞങ്ങളെ പോലുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആശുപത്രി വികസനം നടക്കാത്തതെന്ന് ജനം ആക്ഷേപം ഉന്നയിക്കുന്നുണ്ടെന്നും അവര്‍ കുറിച്ചു.

പ്രതിഭാ ഹരി എം.എല്‍.എയുടെ കമന്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. ഞാന്‍ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി detailed project report തയ്യാറാക്കി. അപ്പോള്‍ അവരെ spv ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോര്‍ഡിനെ spv ആക്കാന്‍ പറഞ്ഞു. അതും സമയബന്ധിതമായി ഞാന്‍ ചെയ്തു. എന്നാല്‍ അതും കിഫ് ബി യില്‍ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാന്‍ കേള്‍ക്കുന്നുണ്ട്.2000 നടുത്ത് രോഗികള്‍ വരുന്ന നാഷണല്‍ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ kelനെ ടീച്ചര്‍ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നല്‍കണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേര്‍ എന്നെ മെന്‍ഷന്‍ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്..